Saturday, April 18, 2009

ചേരും പടി

അന്ന്
ഇടത്തും വലത്തും
നിൽക്കുന്നവരെ
ചേരും‌പടി
ചേർക്കലായിരുന്നു
പരീക്ഷയിലെ
വലിയ
പരീക്ഷണം.

ഇടത്തുള്ളത്
ഇടത്തും
വലത്തുള്ളത്
വലത്തുമിരിക്കുമ്പോൾ
അവയെങ്ങനെ
ചേർന്നിരിക്കും
എന്ന ആകുലതക്കിടയിൽ
ടിച്ചർ പറയും
കാരണങ്ങളുണ്ടെങ്കിൽ
വലത്തുള്ളാവയിൽ
ചിലത് ഇടത്തോട്ടും
ഇടത്തൂള്ളവയിൽ
ചിലത് വലത്തോട്ടും
താനേ പോരും
ചേർന്നിരിക്കും

സംശയം
തീർക്കാൻ
ചോദിച്ചാൽ
മുത്തശ്ശൻ
പറയും
ഇടത്തള്ളതും
വലത്തുള്ളതും
ഒന്ന് തന്നെ
അവയൊക്കെയും
ചേർന്നിരിക്കും

ആരാണു
ശരി എന്ന
സന്ദേഹത്തിൽ
എന്റെ ഉത്തരം
എപ്പോഴും തെറ്റും

Tuesday, March 3, 2009

പാരക്കാൻ നിന്നിരുന്നവൾ

പാരക്കാൻ നിന്നിരുന്നവൾ
വളർന്നു കൊണ്ടിരിക്കുന്ന
ഒരു നഖം പോലെയാണ്.
ഒടുക്കം
മുറിച്ച് മാറ്റപ്പെടാനുള്ളതാണെന്ന
പേടിയിൽ
അവൾ കഞിക്കലത്തിൽ
തിളച്ചു.
അമ്മിക്കല്ലിൽ അരഞു

ഒരു പെരുന്നാൾ രാവിന്
നീരുവറ്റിയുടേ വിധവയായ
ഉമ്മാടേ മടിത്തട്ടിലേക്കൊരു
അനിവാര്യ് തിരിച്ചു പോക്കിനെ
അവളിൽ മാറാല കെട്ടും

അസാതന്ത്ര്യത്തിന്റെ
കരയെന്ന അതിരുകൾക്കുള്ളിൽ
ഏകവചനത്തിലൊഴുകുന്ന
പുഴയാണവൾ

Saturday, October 25, 2008

കറുപ്പും വെളുപ്പും

കറുപ്പ്,
അവനൊരു
സ്വീകർത്താവ്,
വെള്ളിച്ചത്തിന്റെ
ഇഴകളെ വർണ്ണം
നോക്കാത്തെ
ഉള്ളിലേക്കാ-
വാഹിക്കുന്നവൻ,

കറുപ്പ്,
അവനൊരു
ആതിഥേതയൻ,
വെളിച്ചത്തിന്റെ
കിടാങ്ങളെ
കൊണ്ട് അകം
നിറച്ച്
പുറമേക്ക്
കറുപ്പിനെ
കാണിക്കുന്നവൻ,

വെളുപ്പ്,
അവനൊരു
തിരസ്കരിക്കുന്നവൻ,

വെളുപ്പേ നല്ലതെന്ന
മൌഡ്യത്തിൽ
വർണ്ണങ്ങളെ
തിരിച്ചയക്കുന്നവൻ

വെളുപ്പ്
അവനൊരന്ധൻ
വെളിച്ചത്തെ
തിരസ്കരിച്ച്
പുറമേ വെളുപ്പ്ച്ച്
അകം ഇരുട്ടായവൻ.

Friday, October 17, 2008

ഭര്‍ത്താവിനെ ബലാത്സംഗം ചെയ്യുന്നത്‌.

വര്‍ഷം മുഴുവന്‍
ശരീരം ചൂടിലെരിച്ച്‌
ആ മാസത്തിനായ്‌
കാത്തിരിക്കുമ്പോള്‍

കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്‌
കിടക്കുമ്പോള്‍

അഗ്നിയെരിച്ചില്‍
പുകച്ചിലായ്‌
നീറുമ്പോള്‍

പിന്‍കഴുത്ത്‌
ഒരു ചുമ്പനത്തിനായ്‌
കൊതിക്കുമ്പോള്‍

ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍

ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്‌

സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ്‌ കിടന്ന്
സ്വയം ആറിതണുക്കുകയാണ്‌

Tuesday, September 16, 2008

അള്‍ഷിമേഴ്സ്

പാതിരാത്രിക്കും
പ്രഭാതത്തിനും
ഇടക്കുള്ള ഏതോ
ഒരു നിമിഷത്തിലാണ്
പാസ്സ് വേര്‍ഡുകള്‍
സേവ് ചെയ്ത
മസ്തിഷ്കത്തിലെ ചിപ്
നഷ്ടപ്പെട്ടു പോയത്.


അന്നാമ ചേട്ടത്തിയുടെ
വെളുത്ത ആട്
പ്രസവിച്ച ചാപിള്ളയെ
അവര്‍ വിളിച്ച
അലീസെന്ന പേര്
വരെ ഓര്‍ത്തെടുക്കാനായെങ്കിലും
പാസ്സ് വേര്ഡുകള്‍ മാത്രം
മറവിയിലാഴ്ന്ന് കിടന്നു.

ഓഫീസ് നെറ്റ്വര്‍ക്കിലെ,
ബാഗിന്റെ നമ്പര്‍ ലോക്കിലെ
മൊബൈലിന്റെ ലോക്ക് നംബര്‍
മെയിലിന്റെ , എ.റ്റി.എമിന്റെ,
എല്ലാ പാസ്‌വേര്‍ഡുകളും
മറവിയിലേക്ക് ആഴ്ന്നിരിക്കുന്നു.

തിരയുന്ന ഓരമയുടെ
ലോക്കറില്‍ നിന്നിപ്പോള്‍
ജീവിതത്തിന്റെ
പാസ്സ് വേര്‍ഡും
കളഞു പോയിരിക്കുന്നു.

Sunday, July 20, 2008

ലോല്ലിപോപ്പ്

ലോലിപോപ്പ്
നുണയുമ്പോൾ
ഇടത്തെ താടിയെല്ലിലെക്ക്
ദംഷ്ട്ര മുളക്കുന്നു
സിക്സ്ത്ത് സ്റ്റാൻഡേറിലെ
ഉയരമുള്ള നോട്ടി പയ്യനെ
ഡാലിയ “ബാഡ് ഗൈ”
എന്നാണ് വിളിച്ചിരുന്നത്
അവനെ നോക്കുന്നതിനു
നിരോധനം തീർത്തതും
അവളായായിരുന്നു

സ്റ്റഡി ടൂറിനു
പോയന്ന്
കുതിര ചാണകം
നാറുന്ന
ഒരു ഒഴിഞ
കൂടിനു പുറകിൽ
അവൻ അവളെ
ബലമായി വരിഞ് പിടിച്ച്
ഉമ്മ വെച്ചപ്പോൾ
അവൾ കുതറിമാറി
കണ്ണട ഊരിമാറ്റി
തിരിഞു നിന്നപ്പോഴാണ്
ശബ്ദം വെക്കാതെ
ഞാനും തിരിഞ് നടന്നത്

അന്നുതൊട്ട്
അവന്റെ ലൊലിപോപ്പ്
ദംഷ്ട നൊക്കി
അവൾ ചോദിക്കും
ഹീ ഈസ് സൊ ഹാൻസം റൈറ്റ്?
ഒച്ചയാവാറില്ലെങ്കിലും
ഞാനും പറയും
നീ നല്ലൊരു ശമരിയക്കാരി

Tuesday, March 18, 2008

പേരുകളെ കൂറിച്ച് കടങ്കഥ

ഭാര്യയുടെ പേരിനു കൂടെ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുന്നു(ഉദാ: ഹിലാരി ക്ലിന്റണ്‍) എന്നാല്‍ ഭര്‍ത്താവിന്റെ പേരിനു കൂടെ ഭാര്യയുടെ പേര് ചേര്‍ക്കാത്തത് എന്തു കൊണ്ട്?(ഉദാ: ക്ലിന്റണ്‍ ഹിലാരി)