Wednesday, July 4, 2007

കൊടകര പുരാണത്തിനും മൊത്തം ചില്ലറക്കും സംഭവിച്ചേക്കാവുന്നത്‌

തുടങ്ങും മുന്‍പ്‌.കൊടകര പുരാണം മൊത്തം ചില്ലറ എന്ന് പറഞ്ഞത്‌ ആ ബ്ലോഗുകളെ മാത്രം ഉദ്ദ്യേശിച്ചല്ല. സമാന സ്വഭാവമുള്ള എല്ലാ മലയാള ബ്ലോഗുകളേയും പ്രതിനിധീകരിക്കാന്‍ കൂടുതല്‍ വായിക്കാപ്പെടുന്ന ബ്ലോഗുനാമങ്ങള്‍ ഉപയോഗിക്കുന്നു.

മൊത്തം ചില്ലറക്കും കൊടകര പുരാണത്തിനും ഇടയിലുള്ള സമാനത,ഇവ അനുഭവങ്ങളേയോ ചുറ്റുവട്ട കാഴ്‌ചകളേയോ നര്‍മം ചേര്‍ത്തു അവതരിപ്പിക്കുന്നു എന്നതാണ്‌.അതു കൊണ്ടു തന്നെ എഴുത്തുകാരന്റെ അനുഭവവും കാഴ്ചകളും ഭാവന ചേര്‍ക്കാത്ത വിധം അല്ലെങ്കില്‍ ഭാവന ചേര്‍ന്നിട്ടില്ല എന്ന് വായനക്കാരനെ തോന്നിപ്പിക്കും വിധം സരസമായി വിവരിക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു.

ഭാവനയാണെന്ന് പൊതു സമ്മതമുള്ള കഥ കവിത, തിരക്കഥ,നാടകം തുടങ്ങിയവയില്‍ അല്‍പം നാടകീയത (നാടകീയതയില്ലങ്കില്‍ നാടകമാവില്ലല്ലോ ?) ആയാല്‍ പോലും അത്‌ poetic justice അല്ലെങ്കില്‍ എഴുത്തുകാരന്റെ ഭാവനാ സ്വാതന്ത്ര്യം എന്ന രീതിയില്‍ വായനക്കാരന്‍ ഉള്‍കൊള്ളും. എന്നാല്‍ അനുഭവകുറിപ്പുകളില്‍ സംഭവ്യമല്ലാത്തത്‌ എന്ന് തൊന്നുന്നവ വായനക്കാര്‍ അംഗീകരിച്ചേക്കുമോ എന്ന ഭീതി എഴുത്തുകാരന്‌ ഉണ്ടാവുകയും അത്തരം ഭാഗങ്ങള്‍ പരാമവധി ഒഴിവാക്കുകയും ചെയ്യും.അതേ സമയം മൊത്തം ചില്ലറയിലും കൊടകരയിലും അഖ്യാന സംഭവങ്ങളുടെ പരിസരവും ചുറ്റുപാടുകളും ഏറെകുറെ ഒന്നു തന്നെയാണു താനും.

ഇവിടെ ഈ അഖ്യാനങ്ങള്‍ക്ക്‌ പ്രധാനമായും സംഭവിച്ചേക്കാവുന്നത്‌ അല്ലെ എഴുത്തുകാരന്‍ നേരിടെണ്ടിവരുന്നത്‌ രണ്ട്‌ വെല്ലുവിളികളെയായിരിക്കും

ഒന്ന്.:- ഈ കുറിപ്പുകളൊക്കെ തന്നെയും വായനക്കാര്‍ സസന്തോഷം ഏറ്റുവാങ്ങുകയും ആസ്വദിക്കുകയും ചെയ്തു കഴിഞ്ഞു,അതോടൊപ്പം തന്നെ എഴുത്തുകാരനെ വായനക്കാര്‍ കാറ്റഗറൈസ്‌ ചെയ്തു കഴിഞ്ഞിരിക്കുംവിശാലനോ അരവിന്ദനോ എഴുതുന്നവയൊക്കെ നര്‍മമായിരിക്കണം എന്ന ശാട്യമോ അല്ലെങ്കില്‍ അവര്‍ എഴുതുന്നാവയൊക്കെയും നര്‍മമായിരിക്കും എന്ന് മുന്‍വിധിയോ ആസ്വാദകര്‍ക്കിടയിലുണ്ടായിരിക്കും(വിശാലന്റെ മറ്റു ബ്ലോഗുകളുടെ സ്വഭാവവും അതിലെ കമന്റുകളിലും ഇത്‌ പ്രകടമാവുന്നു)ഇങ്ങനെ വരുമ്പോള്‍ സ്വയം അനുകരണനത്തിന്‌ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി പോവുന്നു,. സ്വാനുകരണം എഴുത്തില്‍ കൂടുതലാവുമ്പോള്‍ വായനക്കാരില്‍ മടുപ്പുളവാക്കുകയോ അല്ലെങ്കില്‍ പറഞ്ഞു വരുന്നതെന്താണെന്നും അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കുമെന്നൊക്കെ വായിച്ചു തുടങ്ങുമ്പോഴേക്കും അനുവാചകന്‍ ഒരേകദേശ ധാരണകിട്ടുന്നു.ഇത്‌ വായിക്കാനുള്ള ആകാംക്ഷയെ വധിക്കുന്നു,.ഇവിടെ എഴുത്തുകാര്‍ന്‌ പരാമവധി ചെയ്യാനാവുന്നത്‌ ആഖ്യാന ശെയിലിയിലും ഭാഷയിലും ഘടനാപരമായും മാറ്റം വരുത്തുക വൈവിധ്യമുണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ്‌.അതല്‍പം ശ്രമകരാമാണുതാനും.

രണ്ടമത്തെ വെല്ലുവിളി "സമാനത" എന്നതാണ്‌.കഥാകാരന്റെ അല്ലെങ്കില്‍ എഴുത്തിന്റെ പരിസരം എഴുത്തുകാരന്‌ ചുറ്റും കറങ്ങുന്നു എന്നതാണ്‌ അനുഭവ കുറിപ്പുകളുടെ സ്വഭാവം.ഇവിടെ വ്യതസ്ഥങ്ങളെന്ന് ആദ്യം തൊന്നുമെങ്കിലും പല അനുഭവങ്ങളും സമാന സ്വഭാവമുള്ളവയായിരിക്കുംഅങ്ങനെ വരുമ്പോള്‍ എഴുത്തുകാരാന്‌ വിഷയ ദാരിദ്ര്യം അല്ലെങ്കില്‍ ആവര്‍ത്തനം എന്നിവയെ അഭിമുഖീകരിക്കേണ്ടിവരും. വൈവിധ്യത്തിന്റെ അഭാവം വായനക്കാരന്റെ മുഷിപ്പിക്കും എന്നാല്‍ വിശാലനും അരനിന്ദനും സൂക്ഷ്മ നിരീക്ഷണവും നിസ്സാര സംഭവങ്ങളില്‍ പോലും നര്‍മം കണ്ടെത്തി അവതരിപ്പിക്കാനുമുള്ള കഴിവുള്ളതുകൊണ്ട്‌ അവര്‍ക്കീ പ്രശ്നം വല്ല്ലാതെ അഭിമുഖീകരിക്കേന്തി വരും എന്ന് തോന്നുന്നില്ല.പക്ഷേ സമാന സ്വഭാവത്തില്‍ ബ്ലോഗു ചെയ്യുന്ന മറ്റു പലര്‍ക്കും ഇത്‌ സാരമായ പ്രതിസന്ധിയായി അനുഭവപ്പെട്ടേേക്കും.

വിഷയങ്ങള്‍ നിലക്കുന്നു എന്ന് സംശയം തോന്നുമ്പോല്‍ എഴുത്തവസാനിപ്പിക്കുകയും തുടര്‍ച്ചയയി പൊസ്റ്റിടണമല്ലോ എന്ന ഒറ്റ നിര്‍ബന്ധം കൊണ്ട്‌ എഴുതാതിരിക്കുകയും ചെയ്യൌക എന്നതാണ്‌ ഇവയെ മറികടക്കാനുള്ള വഴി എന്ന് തോന്നുന്നു.

ഫലിപ്പിക്കാനായില്ലെങ്കില്‍ ഏറ്റവും മുഷിപ്പിക്കുന്നത്‌ നര്‍മമായിരിക്കും

15 comments:

ശോണിമ said...

കൊടകര പുരാണത്തിനും മൊത്തം ചില്ലറക്കും സംഭവിച്ചേക്കാവുന്നത്‌(നിരീക്ഷണം, പഠനം, ചര്‍ച്ച)

ഒറ്റയിരിപ്പിനു എഴുതിയതാണ്‍. തെറ്റുകള്‍ ചൂണ്ടികാണിക്കുക.

krish | കൃഷ് said...

ഒരു PhDക്കുള്ള വിഷയമായല്ലോ ശോണിമേ..
നല്ല നിരീക്ഷണം, വിശകലം.
അവരും ചിലപ്പോള്‍ ഒറ്റ ഇരിപ്പിന് എഴുതുന്നതായിരിക്കാം. അതുകൊണ്ട് അതും സംഭവിച്ചേക്കാം.
(സംഭവാമി ബ്ലോഗേ ബ്ലോഗേ..)

Kiranz..!! said...

എഴുതിയ രീതി ഇഷ്ടമായി.പണ്ടെഴുതിയ കൃതികളോടെ അത്ര പോര,അല്ലെങ്കില്‍ മറ്റു കൃതികളുമായ ഒരു കമ്പാരിസണ്‍ വായനക്കാര്‍ സ്വാഭാവികമായി മുന്നോട്ടു വെയ്ക്കുമ്പോള്‍ എന്തെങ്കിലും പുതിയ രീതി പരീക്ഷിക്കണമെന്ന് തോന്നുന്ന എഴുത്തുകാരും മസില്‍ പിടിച്ച് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നതല്ലേ എന്ന വ്യക്തിപരമായി എനിക്ക് തോന്നാറുണ്ട്.സ്വതന്ത്രമായ എഴുത്തിനു ഒരു പരിധി വരെ തേങ്ങയില്‍ത്തുടങ്ങുന്ന താരാരാധനയും തടസമായേക്കാംസ്..:)

കണ്ണൂസ്‌ said...

നല്ല നിരീക്ഷണം ശോണിമ. അരവിന്ദന്‍ ട്രാക്ക്‌ മാറി അധികം നോക്കിയിട്ടില്ലാത്തതു കൊണ്ട്‌ പ്രശ്നം അങ്ങിനെ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, ആരാധകര്‍ വിശാലനോട്‌ കടുത്ത അനീതി ചെയ്തിട്ടുണ്ട്‌. സ്വതസിദ്ധമായ നിരീക്ഷണ പാടവവും, സംഭവങ്ങള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവും ഉള്ള ആളാണ്‌ വിശാലന്‍. നര്‍മ്മമല്ലാത്ത രണ്ട്‌ കഥകള്‍ അദ്ദേഹം എഴുതിയപ്പോഴും, വായനക്കാരുടെ സമ്മര്‍ദ്ദം നിമിത്തം കിഴിച്ചു കളയേണ്ടി വന്നിട്ടുണ്ട്‌. ബ്ലോഗില്‍ തന്നെ ഇതു വരെ കണ്ട ഏറ്റവും ഹൃദയസ്പൃക്കായ അനുഭവകഥകളിലൊന്നായിരുന്നു മരണത്തിന്‌ തൊട്ടു മുന്‍പ്‌ കാറ്‌ നിറുത്തി ഭൂമിയില്‍ ഒന്ന് കിടക്കാന്‍ കൊതിച്ച രോഗിയുടെ കഥ. അതിപ്പോഴും ഒരു ബ്ലോഗിലും ഇല്ലെന്ന് തോന്നുന്നു.

കരീം മാഷ്‌ said...

നല്ല നിരീക്ഷണമാണിത്‌.
ഇതു ഞാന്‍ വിശാലനുമായി പലവട്ടം സംസാരിച്ചതുമാണ്‌. ഇതു വിശാലന്റെ കുറ്റമല്ല.വായനക്കാരന്റെ കുറ്റം.
ട്രാക്കു മാറി കഥകള്‍ എഴുതാന്‍ വിശാലനെന്ന തുലികാനാമത്തിന്റെ ഇമേജ്‌ വല്ലാതെ തടസ്സമാകുന്നുണ്ടവന്ന്‌.
ഒരിക്കല്‍ അതിനു ശ്രമിക്കുകയും അതിനിടയില്‍ അബദ്ധം പിണയുകയും ചെയ്തപ്പോള്‍ മാജിക്കുകാരനു വീഴ്ച വരുമ്പോള്‍ പരിഹസിച്ചു ചിരിക്കുന്ന കൗശലമനസ്സോടെ പലരും പ്രതികരിച്ചതു ഈയിടെ കണ്ടതാണ്‌.
ആളുകള്‍ വ്യക്തിയെ ഒഴിവാക്കി രചനയെ വിമര്‍ശിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന കാലത്തു മാത്രമേ ബ്ലോഗുവിമര്‍ശനം പക്വതയാര്‍ജിക്കൂ.

Kiranz..!! said...

കണ്ണൂസേ..കൊടുകൈ..വിശാലന് ആവേശത്തോടെ ഒരു കമന്റിട്ട പോസ്റ്റാണ് ആപ്പറഞ്ഞത്.അതു പിറ്റേന്നു തന്നെ ആ പാവം ക്രൂരന്‍ തട്ടുമ്പുറത്തു കേറ്റി..:(

ഓഫിനു ഷെമീര്‍ ശോണീമേ..!

അരവിന്ദ് :: aravind said...

ശോണിമ പറഞ്ഞതില്‍ കാര്യമില്ലാതെയില്ല.
ഒരു പോസ്റ്റ് ഇട്ട് , വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അടുത്ത പോസ്റ്റ് എഴുതുമ്പോളുള്ള പ്രഷര്‍ ചില്ലറയല്ല. പലവട്ടം ചിന്തിക്കും, എന്തിന് ഇങ്ങനെ പോസ്റ്റിന്റെ "അസ്വാദ്യത"യെപ്പറ്റി വ്യാകുലപ്പെടുന്നു എന്ന്...എങ്കിലും.
ഒരു പോസ്റ്റ് എഴുതി "അത്ര നന്നായില്ല" എന്ന അഭിപ്രായം വന്നാല്‍‌ , അത് എനിക്കും ബോധ്യായാല്‍, അടുത്ത പോസ്റ്റിന് ഇത്തിരി ശ്രദ്ധ കൊടുക്കാറുണ്ട്.

വായനക്കാരന്റെ മനസ്സ് ഒരു മരീചികയാണ്. ഇത് സൂപ്പര്‍ ഹിറ്റാവും എന്ന് കരുതിയ പല പോസ്റ്റുകളും ചീറ്റിപ്പോയിട്ടുണ്ട്. എനിക്ക് ഒട്ടുമേ ഇഷ്ടമല്ലാതെ പേന ഉന്തി എഴുതിയ പല പോസ്റ്റും സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. അത്ഭുതം തോന്നിയിറ്റുണ്ട് പലപ്പോഴും. പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ ഉപകരിക്കും..വലിറ്റൊരു നേട്ടമാണത്.

ട്രാക്ക് മാറി എഴുതാന്‍ ഇഷ്ടം പോലെയുണ്ട്. പണ്ടു തൊട്ട് മനസ്സില്‍ കിടക്കുന്ന രണ്ട് മൂന്ന് കഥകള്‍. ബ്ലോഗിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുമോ എന്ന് സംശയമുള്ളതിനാല്‍ അതിപ്പോഴുമാശയമായി കിടക്കുന്നു.
പൊടുന്നനെ ഞാനൊരു ദുഖകഥയെഴുതിയാല്‍ അത് വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നോര്‍ക്കാറില്ല. സ്വതേ ഞാന്‍ തമാശ പറയുന്ന/ആസ്വദിക്കുന്ന കൂട്ടത്തിലാണ്, ഉള്ള ശക്തി ആദ്യം ഉപയോഗിക്കുന്നു എന്നേയുള്ളൂ.

സങ്കടം എനിക്ക് കിട്ടിയ പല അറിവുകളും , നുറുങ്ങുകളും, വിജ്ഞാനപ്രദവും എന്നാല്‍ രസകരവുമായ അറിവുകള്‍ ബ്ലോഗില്‍ പങ്കു വയ്കാന്‍ പറ്റുന്നില്ല എന്നതാണ്. വേറൊരു ബ്ലോഗ് എന്ന് ചിന്തിച്ചതാണ്...പക്ഷേ എന്തോ...
അതാണ് കഴിഞ്ഞയിടെ മൊത്തം ചില്ലറയുടെ സ്വഭാവം മാറുന്നു എന്ന പോസ്റ്റിട്ടത്. പക്ഷേ വായനക്കാര്‍ തമാശ പോസ്റ്റുകള്‍ മാത്രം ആണ് ചില്ലറയില്‍ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കിയതിനാലും, അങ്ങനെ പോസ്റ്റുകളെഴുതാനുള്ള "ആമ്പിയറ്" ഇല്ലാത്തതിനാലും , വായനക്കാരുടെ അഭിപ്രായത്തിനെ ഏറ്റവും മാനിക്കുന്നതിനാലും, തല്‍ക്കാലം മൊത്തം ചില്ലറ അങ്ങനെത്തന്നെ നില്‍ക്കുന്നു. (സമയക്കുറവ് വലിയൊരു കാരണമാണ്)

പഠനത്തിന് നന്ദി.

Unknown said...

നല്ല നിരീക്ഷണം, ശോണിമേ,

കണ്ണൂസ്സേ/കരിം മാഷേ,
ആരാധകര്‍ തെറ്റു ചെയ്യുന്നു, ആരാധകര്‍ അതിന് അനുവദിക്കുന്നില്ല എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല.

നിലവില്‍ ബ്ലോഗില്‍ എഴുതുന്നത് സാമ്പത്തിക ലാഭം നോക്കിയല്ല, അതു കൊണ്ട് എഴുത്തുകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എഴുതുന്നവര്‍ക്ക് ഒരു നഷ്ടവുമില്ല. കമന്റിടുന്നവര്‍ ഇങ്ങനെത്തെ എഴുത്തു വേണ്ട എന്നു പറയുമ്പോള്‍ , അവന് വേണ്ടി പഴയ രീതികളിലേയ്ക്ക് മാറി പോകുന്നത് പരീക്ഷണങ്ങള്‍ക്കുള്ള ധൈര്യമില്ലായ്മയാ‍ണ്, അതിന്റെ ഉത്തരവാദിത്വം ബ്ലോഗ് എഴുത്തുകാരനാണ്.
(പ്രിന്റ് മാധ്യമാണെങ്കില്‍ - പത്രാധിപര്‍, മാര്‍ക്കറ്റ് ഇവയൊക്കെ കാരണങ്ങളാക്കാം, ഇവിടെ കമന്റുകള്‍ മാത്രം നോക്കിയാല്‍ മതി, ആര്‍ക്കും സാമ്പത്തിക നഷ്ടമില്ല)

ശെഫി said...

സപ്ത വര്‍ണ്ണങ്ങള്‍ പറഞ്ഞിതിനോട്‌ യൊജിക്കുന്നു.ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഒരു നഷ്ടവുമില്ല. ബ്ലൊഗിന്റെ സ്വീകാര്യത നഷ്ടപ്പെടുമോ എന്ന ഭയം ആണെങ്കില്‍ ആസ്വാദ്യകരമെങ്കില്‍ വായനക്കാര്‍ സ്വീകരിക്കും എന്നു തന്നെയാണ്‌ എന്റെ പക്ഷം.. നല്ല നിരീക്ഷണം തന്നെ ശോണിമേ

ശോണിമ said...

വായിക്കുകയും അഭിപ്രായങ്ങള്‍ കുറിക്കുകയും ചെയത എല്ലാവര്‍ക്കും നന്ദി(കൃഷ്‌, കിരണ്‍സ്‌, കണ്ണൂസ്‌,കരീം മാഷ്‌, സപ്തവര്‍ണങ്ങള്‍,ശെഫി)

അരവിന്ദന്‌ പ്രത്യേക നന്ദി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പുതിയ പോസ്റ്റില്‍ കണ്ട ഒരു കമന്റ് വഴിയാ ഇവിടെ വന്നത്. ഈ പോസ്റ്റ് കമന്റ്സ് 100 കടക്കാത്തത് മോശമായി. നല്ല നിരീക്ഷണം.

വേണു venu said...

സപ്തവര്‍ണ്ണങ്ങളുടെ അഭിപ്രായത്തോടു് യോജിക്കുന്നു.
വായനക്കാരേ കുറ്റം പറയുന്നതിലൊരര്‍ഥവുമില്ല.
എഴുത്തുകാരന്‍ വായനക്കാരനെ കൈ പിടിച്ചു നടത്തിക്കുകയാണു് ചെയ്യുന്നതു്. അതു നര്‍മ്മമായാലും അനര്‍മ്മമായാലും. വിജയിക്കുന്നതു് എവിടെയാണെന്നതു് രചനാ വിശേഷം നിശ്ഛയിക്കുന്നു എന്നു തോന്നുന്നു.

മാവേലി കേരളം said...

ബ്ലോഗിനെ മറ്റു മാധ്യമത്തില്‍ നിന്നു വ്യതിരക്തമാക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്യമാണ് (എഡിറ്റോറിയല്‍ നിയന്ത്രണത്തില്‍ നിന്നുള്ള സ്വതന്ത്യം) എന്നു പറയൂന്നിടത്തോളം കാലം വായനകാരന്‍ എഴുത്തുകാരനെ ദോഷമായി സ്വാധീനിയ്ക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല.

എന്നാല്‍ പൊതുധാരാ എഴുത്തുകാരെ എടുത്താലും തന്നെ കാണാം അവരാരും ഒരു പ്രത്യേക ശൈലിയുടെ അടിമത്വം സ്വീകരിച്ചിരുന്നില്ല എന്ന്. ഖസാക്കിന്റെ ഇതിഹാസം എഴുതിയ വിജയന്‍ തന്നെയാണ് ധര്‍മ്മപുരാണവും എഴുതിയത്.

ക്രിയാത്മകമായ തന്റെ ശൈലിയിലൂടെ വായനകാരെ ആകര്‍ഷിയ്ക്കുന്നവരും വായനാക്കാരന്റ് ആകര്‍ഷണത്തിനു വേണ്ടി എഴുതുന്നവരും രണ്ടു തരത്തിലുള്ള എഴുത്തുകാരാണ്. ഒരു പക്ഷെ ബ്ലോഗില്‍ വായനകാരുടെ പ്രതികരണത്തിനു പ്രാധാന്യം കൊടൂക്കുന്നതിന്റെ ഒരു പ്രതികൂല ഫലമായിരിയ്ക്കാം ഇത്.

കമന്റിനു വേണ്ടി എഴുതാതിരിയ്ക്കുക, എഴുത്തു സ്വയം ക്രിയേറ്റിവിറ്റി ആണെന്നു കാണുക. അങ്ങനെയുള്ളവര്‍ക്കേ വായനക്കാരുടെ സ്വാധീനത്തില്‍ നിന്നു മോചിതരാകാന്‍ കഴിയൂ.

സുഗതരാജ് പലേരി said...

സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞിതിനോട്‌ യോജിക്കുന്നു. കുറുമാന്‍ നര്‍മ്മത്തില്‍ കൈവച്ചായിരുന്നു ആദ്യകാലങ്ങളില്‍ വായനക്കാരനെ സ്വാധീനിച്ചതെങ്കില്‍ വളരെ പെട്ടന്ന് തന്നെ കളം മാറ്റിച്ചവിട്ടി. യൂറോപ്പ് യാത്രയും, മുത്തുവിന്‍റെ ദു:ഖവും വായനക്കാര്‍, നര്‍മ്മത്തിനു കൊടുത്ത അതേ താല്പര്യത്തോടെ തന്നെ വായിച്ചിരുന്നു.

മാവേലി കേരളം പറഞ്ഞതുപോലെ: "കമന്റിനു വേണ്ടി എഴുതാതിരിയ്ക്കുക, എഴുത്തു സ്വയം ക്രിയേറ്റിവിറ്റി ആണെന്നു കാണുക. അങ്ങനെയുള്ളവര്‍ക്കേ വായനക്കാരുടെ സ്വാധീനത്തില്‍ നിന്നു മോചിതരാകാന്‍ കഴിയൂ."

അരവിന്ദനും, കുമാറും, വിശാലനും മറ്റും എഴുതുന്നത് വായിക്കാന്‍ താല്പര്യമുള്ള ഒരുകൂട്ടം വായനക്കാര്‍ ബ്ലോഗിലുണ്ട്, ആസ്വാദ്യകരമെങ്കില്‍ അവര്‍ അത് സ്വീകരിക്കും.

എഴുത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയാലും ഇല്ലെങ്കിലും നിങ്ങള്‍ എഴുത്ത് നിര്‍ത്തരുതെന്നേ എനിക്കഭിപ്രായമുള്ളൂ.

ഇഗ്ഗോയ് /iggooy said...

കാതലുള്ള നിരീക്ഷണം.
അവനവനെ ആവര്‍ത്തിച്ച് മടുപ്പിക്കുന്ന ഒത്തിര്‍ പോസ്റ്റുകള്‍ ഉണ്ട്.
അത് പറഞ്ഞത് വളരെ നന്നായി. നല്ല നിരൂപണങ്ങള്‍ കുറവായതും
ഒരു കാര്യമാണെന്ന് തോന്നുന്നു. Online ആയി കാണൂന്നതുകൊണ്ടാകും,
ഒരു പോസ്റ്റ് മോശമായീന്നു പറയാന്‍ പലര്‍ക്കും മടിയാണ്‌. നിരൂപണം ഇല്ലാത്തത്
ഒരു തരം ധൈര്യക്കുറവല്ലേ. ആ ധൈര്യക്കുറവ് എഴുത്തിലും കാണും.